സ്കൂളുകളില്‍ കറിയില്ലാ കഞ്ഞിയുടെ കാലം

ബിരിയാണി വിളംബരം ചെയ്തവര്‍ കഞ്ഞിയും പയറും കിട്ടാക്കനിയാക്കുന്നു.മിക്കവാറും സ്കൂളുകളില്‍ കറിയില്ലാ കഞ്ഞിയുടെ കാലമായി.ഉപ്പും ചോറും എന്നത് ദാനത്തിന്റെയും ഒരുവേള വിധേയത്വത്തിന്റെയും പര്യായമായിരുന്നു. വിദ്യാര്‍ഥികള്‍ക്ക് ബാലാവകാശ സംരക്ഷണ കാലത്ത് ഉപ്പും കഞ്ഞിയും മാത്രം.

  1987 മുതല്‍ കേരളത്തില്‍ സാര്‍വത്രികമായ സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി കഞ്ഞിയും പയറും ആണ് ഏറെ കാലം നല്‍കിയിരുന്നത്. പോഷക പൂര്‍ണമെങ്കിലും കാലത്തിനനുസരിച്ച് മാറ്റം പലരും കൊതിച്ചു. മുട്ടയും പാലും ചോറും കറികളും പല സ്ഥലത്തും വ്യാപകമായി. അപ്പോഴും അരിയും ചെറുപയറും നേരിട്ട് നല്‍കി മറ്റ് ആവശ്യങ്ങള്‍ക്ക് പണം നല്കുന്നരീതിയായിരുന്നു. മുട്ടക്കും പാലിനും സര്‍ക്കാര്‍ നിശ്ചയിക്കുന്ന നിരക്ക് പ്രത്യേകമായി നല്‍കി.

  അതിനിടയിലാണ് പദ്ധതി 2012 ല്‍ അടി മുടി മാറ്റിയത്. കഞ്ഞിയും പയറും എന്ന പതിവ് മെനു മാറ്റി സ്കൂള്‍ നൂണ്‍ മീല്‍ കമ്മറ്റികള്‍ക്ക് പോഷക ഘടന ഉറപ്പാക്കി  ഓരോ ദിവസത്തേക്കും ഇഷ്ട്ടം പോലെ പ്രത്യേകം മെനു തീരുമാനിക്കാം എന്നായി.സ്കൂളുകള്‍ക്ക് ബിരിയാണി വരെ നല്‍കാം എന്ന് വീമ്പു പറഞ്ഞാണ് നമ്മുടെ വിദ്യാഭ്യാസ മന്ത്രി പരിഷ്ക്കാരത്തെ വിശേഷിപ്പിച്ചത്‌.അങ്ങിങ്ങ് അത്തരം ചില അനുഭവങ്ങളും നടന്നു.ഇത് ഏറെക്കാലം പോയില്ല.അരി മാത്രം നേരിട്ട് നല്‍കി മറ്റു ആവശ്യങ്ങള്‍ക്ക് പരിമിതമായ പണം നല്‍കിയത് മിക്ക സ്കൂളുകള്‍ക്കും പ്രയാസം വരുത്തി.പോരാതെ വരുന്ന പണം പ്രാദേശികമായി സമാഹിരിക്കണമെന്ന നിര്‍ദേശം പലേടത്തും പാളി.ചെലവു തുക വര്‍ധിപ്പിക്കണമെന്ന മുറവിളി വ്യാപകമായി വന്നപ്പോള്‍ സര്‍ക്കാര്‍ കണ്ണുതുറന്നു.2013 ല്‍ തന്നെ ഒരു രൂപ കൂട്ടി നല്‍കാന്‍ തീരുമാനമായി.വര്‍ഷം രണ്ട് കഴിഞ്ഞിട്ടും പ്രാവര്‍ത്തികമായില്ല. ഇതിനിടയില്‍ പാല്‍ ,പാച്ചകക്കൂലി എന്നിവ പലതവണ സര്‍ക്കാര്‍ തന്നെ കൂട്ടി.മറ്റു സാധനങ്ങളുടെ വില ഇരട്ടിയില്‍ അധികമായി. അപ്പോഴും ചെലവു തുക നല്‍കുന്നത് പഴയപടി. അടുത്ത ദിവസം പാച്ചകക്കൂലി വര്‍ദ്ധിച്ചതോടെ പ്രതിസന്ധി രൂക്ഷമായി. പാലും പച്ചക്കറിയും അളവില്‍ കുറച്ചാണ് മിക്ക സ്കൂളുകളും ഭക്ഷണം നല്‍കിയിരുന്നത്.ഇപ്പോള്‍ അതും സാധ്യമല്ലാത്ത സ്ഥിതിയായി.

  കുട്ടികളുടെ എണ്ണം അനുസരിച്ച് പ്രതിസന്ധിയുടെ വ്യാപ്തിക്കു വ്യത്യാസം ഉണ്ട്. കുട്ടികള്‍ കുറവുള്ളവര്‍ക്കും 150 ന് മുകളില്‍ കുട്ടികള്‍ ഉള്ള സ്കൂളുകല്‍ക്കുമാണ് ഏറെ പ്രയാസം.ഇത്തരം സ്കൂളുകളില്‍ പാച്ചകക്കൂലി, പാല്‍, മുട്ട,വിറക്,ട്രാന്‍സ്പോര്‍ട്ട്  എന്നിവയുടെ ചെലവു കഴിഞ്ഞാല്‍ പലവ്യഞ്ജനം പയര്‍ വര്‍ഗം പച്ചക്കറി എന്നിവയ്ക്ക് നീക്കി ബാക്കി കാണില്ല. ഫലത്തില്‍ പോഷകാഹാരമെന്നത് എട്ടിലെ പശു മാത്രമാകുന്ന അവസ്ഥയാണ്.

   കുട്ടികളുടെ എണ്ണം പരിഗണിക്കാതെ എല്ലാ സ്കൂളുകള്‍ക്കും സ്ഥിര സ്വഭാവമുള്ള പാച്ചകക്കൂലി,പാല്‍,മുട്ട,ട്രാന്‍സ്പോര്‍ട്ട്,വിറക് ചെലവുകള്‍ പ്രത്യേകം നല്‍കുക, പലവ്യഞ്ജനം പയര്‍ വര്‍ഗം പച്ചക്കറി എന്നിവയ്ക്ക് നിശ്ചിത നിരക്കില്‍ തുക അനുവദിക്കുക തുടങ്ങിയ അടിയന്തര നടപടി ഉണ്ടാകുന്നില്ലെങ്കില്‍ സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി അനാകര്‍ഷകമാകും.

  നവ ഉദാരവല്‍ക്കരണ നയത്തിന്റെ ഏറ്റവും ആധുനിക തന്ത്രമായ നന്നാക്കി നശിപ്പിക്കുക എന്ന കുടില ബുദ്ധിയാണ് പ്രാവര്‍ത്തിക മാക്കുന്നത് എങ്കില്‍ ഒട്ടേറെ കുട്ടികളുടെ കഞ്ഞിയില്‍ പാറ്റയിടുന്ന പണിയാകും ഇപ്പോള്‍ നടപ്പാക്കുന്നത്. സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ ആരംഭത്തിനു കാരണമായി പറയപ്പെടുന്ന ഒരു സംഭവ കഥയിലെ മര്‍മ്മം ഇപ്പോഴും വലിയ ചോദ്യമായി നമ്മുടെ മുന്നില്‍ ഉയരും ഒരു യാത്രക്കിടയില്‍ വയലില്‍ കാലി മേച്ചു നടക്കുന്ന കുട്ടികളെ കണ്ട് വണ്ടി നിര്‍ത്തി സ്കൂളില്‍ പോകാത്തതിന്റെ കാരണം തിരക്കിയ കാമരാജ് കുട്ടികളുടെ ഉത്തരത്തിനു മുന്നില്‍ ചൂളി.സ്കൂളില്‍ പോയാല്‍ പശി അടങ്ങുമോ എന്നായിരുന്നു കുരുന്നുകളുടെ മറു ചോദ്യം.അന്നത്തെ മദിരാശി സംസ്ഥാനത്തെ സ്കൂള്‍ ഉച്ചഭക്ഷണ പരിപാടിയുടെ തുടക്കം ആ മറു ചോദ്യത്തില്‍ നിന്നായിരുന്നു.

   കാമാരാജിന്  കനിവ് തോന്നി തുടങ്ങിയ പദ്ധതി നായനാര്‍ കേരളത്തില്‍ സാര്‍വത്രികമാക്കിയ പദ്ധതി അന്താരാഷ്‌ട്ര കുട്ടികളുടെ അവകാശ സംരക്ഷണ ഉടമ്പടിയുടെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്ത പദ്ധതി ആധുനിക കാലത്ത് നന്നാക്കി നശിപ്പിക്കുന്നത് കണ്ട് നില്‍ക്കുന്നവരും കുറ്റക്കാരാവില്ലേ.കാല്‍കോടി കുട്ടികളുടെ ഒരു നേരത്തെ അന്നം(ചിലര്‍ക്ക് ഏക നേരത്തെയും) നിഷേധിക്കുന്ന തരത്തില്‍ ഭരണ കൂടം ഉറക്കം നടിക്കുമ്പോള്‍ എന്തേ ഏക മനസ്സോടെ കേരളം പ്രതികരിക്കാത്തത്.

 1862196

1,833 total views, 1 views today