കേരളത്തിലെ അദ്ധ്യാപകര്‍ കോഴ കമ്പോളത്തിലെ ഇര

 

ആര്‍ഷ ഭാരത സംസ്കാരം ആദരപൂര്‍വ്വം മനസ്സില്‍ കുറിച്ചിരുന്ന ആചാര്യ ദേവോ ഭവ: ജ്ഞാനം പകര്‍ന്ന് നല്‍കിയ ഗുരു വര്യന്‍മാര്‍ക്കുള്ള അംഗീകാരമായിരുന്നു.ഗുരുകുലത്തില്‍ താമസിച്ച് ഗുരുമുഖത്തുനിന്ന് കണ്ടും കേട്ടും ഉരുവിട്ടും കൈവരിച്ചിരുന്ന ജ്ഞാന സമ്പാദനം ഗുരു ശിഷ്യ ബന്ധത്തിന്‍റെ ഇഴ പിരിക്കാനാവാത്ത സ്നേഹ വായ്പായിരുന്നു.സമൂഹത്തിന്‍റെ ഉന്നത ശ്രേണിയിലെ വിരലിലെണ്ണാവുന്നവരെ മാത്രമേ അറിവിന്‍റെ അഗ്നി ആവാഹിക്കാന്‍ അനുവദിച്ചിരുന്നുള്ളൂ. അവര്‍ണന്‍മ്മാര്‍ അറിവ് നേടിയാല്‍ ആകാശം ഇടിഞ്ഞു വീഴുമെന്ന ചിന്തയായിരുന്നു അക്കാലത്ത്.ദൈവ കോപത്തിന്റെ തൊഴുത്തില്‍ കെട്ടി സാധാരണക്കാര്‍ അറിവ് വഴിയില്‍ നിന്ന് ആട്ടി അകറ്റപ്പെട്ട് മാറ്റി നിര്‍ത്തിയിരുന്നു.ആകലെ മാറി ഒളിച്ചിരുന്ന് കേട്ട് പടിച്ചവന്റെ കാതില്‍ ഈയം ഒഴിച്ചതും തന്നെക്കാള്‍ മികവു കാട്ടിയവരെ നീചമായ ദക്ഷിണയിലൂടെ ഗുരു തളച്ചതും കേവലം കഥ മാത്രമല്ല. ഇതെല്ലാം പഴയ കാര്യം.

  കാല ചക്രം അതിവേഗം ഉരുണ്ടപ്പോള്‍ അറിവ് സമ്പാദനം സാര്‍വത്രികമായി.വിദ്യ പകരാന്‍ വിദ്യാലയങ്ങളും ഗുരുനാഥന് പകരം അധ്യാപകരും എന്നായി നില. ഗുരുകുലത്തിലെ തപസ്യയില്‍ നിന്ന് വ്യവസ്ഥാപിത സംവിധാനത്തിലേക്ക് ജ്ഞാന വിനിമയം മാറി.വളരെ പെട്ടെന്ന് വിനിമയം വാണിജ്യമായി. അറിവിന്‌ പകരം പണം വ്യാപകമായി.ദക്ഷിണ കൂലിക്ക് വഴിമാറി.ഗുരു അധ്വാനം വില്‍ക്കുന്ന  തൊഴിലാളിയുമായി.നേരിട്ട് അറിവ് പകര്‍ന്നിരുന്ന നിലത്തെഴുത്ത് ആശാന്‍ മാരില്‍നിന്ന് പതുക്കെ കുടിപ്പള്ളിക്കൂടം ഉയര്‍ന്നു.പിന്നീടിങ്ങോട്ട്‌ വിദ്യാലയങ്ങള്‍ വ്യാപകമായി. സ്ഥാപന വല്‍ക്കരിക്കപ്പെട്ട സംവിധാനത്തിന് നടത്തിപ്പുകാര്‍  മുന്നോട്ട് വന്നു.സര്‍ക്കാരും സംഘടനകളും സ്വകാര്യ വ്യക്തികളും ഇക്കൂട്ടത്തില്‍പ്പെടുന്നു.പതുക്കെ സ്വകാര്യ മാനേജര്‍ മാരും സാമുദായിക മേലാളന്മാരും ഈ മേഖല അടക്കി വാണു.ആരെ പഠിപ്പിക്കണം ആര് പഠിപ്പിക്കണം എന്ത് പഠിപ്പിക്കണം എന്നെല്ലാം അവരുടെ മനോനില അനുസരിച്ചായി. അതിനെതിരെ വന്ന ചെറു വിരല്‍ അനക്കം പോലും അവര്‍ തടഞ്ഞു.തന്‍ പ്രമാണിത്തവും സവര്‍ണ ചിന്തയും അവരെ അടക്കി ഭരിച്ചു.സാംസ്കാരിക മുന്നേറ്റവും നവോത്ഥാന വിപ്ലവും ഒട്ടൊരു മാറ്റം അനിവാര്യമാക്കിയെങ്കിലും പിന്നെയും അവര്‍ പിടി മുറുക്കുന്നതാണ് അനുഭവം.

    വിദ്യാഭ്യാസം വ്യാപക മാക്കാനുള്ള ശ്രമങ്ങളില്‍ പിന്തുണ നല്‍കി പിന്നീട് ലാഭം കൊയ്യാനുള്ള മേഖലയായി അവര്‍ അത് മാറ്റിയെടുത്തു. അധ്യാപകന് അര്‍ഹതയുള്ള വേതനം നല്‍കാതെ അടിമ തുല്ല്യമായി പെരുമാറി.എടുത്ത ജോലിക്ക് കൂലി ചോദിച്ചവരെ പിരിച്ചുവിട്ടും മുഷ്ക്ക് കാട്ടി.ജാനകിയ രോഷത്തില്‍ ചിലത് ചൂളിപ്പോയെങ്കിലും വീണ്ടും അവര്‍ തന്നെ വെന്നികൊടിനാട്ടി. കടുത്ത ചൂഷണത്തിന്റെ വിളനിലമായിരുന്ന മാനേജ്മെന്‍റ് സമ്പ്രദായത്തെ നിയമ വിധേയമാക്കാനുള്ള ആദ്യ സര്‍ക്കാരിന്‍റെ ശ്രമത്തെ ജാതിമത ശക്തികളെ കൂട്ട് പിടിച്ച് മൂക്ക് കയര്‍ ഇടാനും അവര്‍ക്കായി.വിചിത്രമെന്നു പറയട്ടെ മാനേജരുടെ കൊടിയ ചൂഷണത്തിന്റെ ഇരകളായിരുന്ന ചില അധ്യാപകരുംഅവരുടെ കൈയ്യിലെ കളിപ്പാട്ടമായി.ശമ്പളം സര്‍ക്കാര്‍ നേരിട്ട് നല്‍കുന്ന സ്ഥിതിയായി എങ്കിലും നിയമവും ശിക്ഷാധികാരവും സ്വന്തം കൈയ്യില്‍ ഉറപ്പിക്കാന്‍ അവര്‍ക്കായി.മാസാമാസം ശമ്പളത്തില്‍ നിന്നും ഗഡുക്കളായി പിടിച്ചെടുക്കുന്നത് മുടങ്ങിയതോടെ തന്‍റെ വിഹിതം വന്‍ തുകയായി മുന്‍‌കൂര്‍ ഉറപ്പാക്കുന്ന രീതിയായി.കൊടുക്കുന്നവനും വാങ്ങുന്നവനും മാത്രം അറിയുന്ന ആര്‍ക്കും പരാതി ഇല്ലാത്ത വന്‍ വാണിഭം അതോടെ കേരളത്തിലെ സ്വകാര്യ വിദ്യാഭ്യാസ മേഖലയില്‍ തടിച്ചു കൊഴുത്തു.നൂറു രൂപ അന്യായമായി വാങ്ങിയാല്‍ പോലും വിജിലന്‍സ് പറന്നെത്തുന്ന സംവിധാനമുള്ള നാട്ടില്‍ സ്കൂള്‍ മാനേജരുടെ ലക്ഷങ്ങളുടെ കോഴ നാട്ടു നടപ്പ് മാത്രമായി.അങ്ങിനെ പണം നല്‍കി പണി വാങ്ങി അത്മാഭിമാനം പണയംവെച്ചു മാനേജരെ പേടിച്ച് കഴിയുന്നവരായി പകുതിയില്‍ അധികം വരുന്ന അധ്യാപക സമൂഹം. വിദ്യ കൊണ്ട് പ്രബുദ്ധര്‍ ആകാനും സംഘടന കൊണ്ട് ശക്തരാകാനും ഉദ്ബോധിപ്പിച്ച ഗുരുവിന്റെ പിന്മുറ അവകാശപ്പെടുന്നവര്‍ പോലും അധ്യാപകരുടെ സംഘടനാ സ്വാതന്ത്ര്യം അനുവദിക്കാന്‍ തയ്യാറാകുന്നില്ല.യോഗ്യതയും സാമൂഹിക നീതിയും ഒന്നും പരിഗണിക്കാതെയാണ് ഭൂരിപക്ഷം സ്വകാര്യ മാനേജര്‍ മാരും.അധ്യാപക നിയമനം നടത്തുന്നത്. പണം മാത്രമാണ് അവരുടെ മാനദണ്ഡം എന്ന് വന്നിരിക്കുന്നു.കുട്ടികളുടെ പ്രവേശനത്തിനും അധ്യാപക നിയമനത്തിനും എല്ലാം പണം അരങ്ങ് വാഴുന്നു. കോഴ നല്‍കിയതിനു തെളിവ് നല്‍കാന്‍ കെല്‍പ്പില്ലാത്തതു കൊണ്ട് പരാതിയും ഇല്ല.എങ്കിലും കോഴ വിവരം പകല്‍ പോലെ വ്യക്തമായത് കൊണ്ട് ലാഭത്തില്‍ ഒരു പങ്കു സ്വന്തം കീശയിലാക്കാന്‍ ചില രാഷ്ട്രിയക്കാരും ഭരണാധികാരികളും മുന്നോട്ട് വന്നപ്പോള്‍ കോഴ വാണിഭം മലയാളക്കരയില്‍ സുലഭമായി.എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തി സ്കൂളുകളും കോളേജുകളും തരപ്പെടുത്തി ഇഷ്ട്ടം പോലെ നിയമനം നടത്തി സര്‍ക്കാരിനെ വെല്ലുവിളിക്കുന്നവരായി ഇവര്‍.ജാതിമത രാഷ്ട്രിയ കൂട്ട് കെട്ടുകള്‍ ഇവര്‍ക്ക് തണല്‍ വിരിക്കുന്നു.ആ ശീതളിമയില്‍ വിരാജിക്കുന്ന തമ്പുരാക്കന്മാര്‍ക്ക് മുന്നില്‍ കേരളത്തിലെ ബഹു ഭൂരിപക്ഷം വരുന്ന അധ്യാപക സമൂഹം കോഴ കമ്പോളത്തിലെ ചൂണ്ടയില്‍ കുടുങ്ങി കഴിയുന്ന ഇരകള്‍ മാത്രം.

    നമ്മുടെ നികുതിപ്പണം അടിച്ചെടുത്തു തടിച്ചു കൊഴുത്തു അരങ്ങ് വാഴുന്ന ഈ കരിഭൂതങ്ങളെ തളക്കാന്‍ ആര് വരും.ആര് തന്നെ ശ്രമിച്ചാലും നിലവിലെ സാഹചര്യത്തില്‍ അവരെ മര്യാദാപുരുഷോത്തമന്‍ ആക്കാന്‍ ആര്‍ക്കും ആവില്ല. അടിയോടെ പിഴുതെടുത്ത്‌ എറിയുക തന്നെ വേണം.പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ സര്‍ക്കാര്‍ സ്കൂളുകള്‍ മികവിന്‍റെ കേന്ദ്രങ്ങള്‍ ആവുകയും അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയരുകയും ചെയ്യുന്ന കാലമാണ്. ഹൈടെക് പദ്ധതി പ്രകാരം സ്മാര്‍ട്ട് ആകുന്ന സ്കൂളുകളിലേക്ക് കൂടുതല്‍ കുട്ടികള്‍ എത്തുന്ന സാഹചര്യം ഉണ്ട്. അവകാശ നിയമ പ്രകാരമുള്ള ഘടനാ മാറ്റവും അനിവാര്യമാകുന്നു. ഈ അവസരം ഉപയോഗിച്ച്  എയിഡഡ് സംവിധാനം നിര്‍ത്തലാക്കണം.കുട്ടികളുടെ എണ്ണത്തിനു അനുസരിച്ച് സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ നിലനിര്‍ത്തണം എയിഡഡ് മേഖലയിലെ മുഴുവന്‍ കുട്ടികളെയും അധ്യാപക അനധ്യാപക ജീവനക്കാരെയും സര്‍ക്കാരിലേക്ക് എടുത്താലും യാതൊരു അധിക ചെലവും വരില്ല. ആധുനിക കാലം ആവശ്യപ്പെടുന്ന തരത്തില്‍ അനുപാതം കുറയ്ക്കാം.അത് വഴി ജാതി രാജാക്കന്മാരുടെ കച്ചവടവും അവസാനിപ്പിക്കാം.നിലവിലെ സര്‍ക്കാര്‍ സ്കൂളുകളെ ശക്തിപ്പെടുത്തിയും അത്യാവശ്യമായ ഇടങ്ങളില്‍ പുതിയത് സ്ഥാപിച്ചും അല്ലാത്തിടങ്ങളില്‍ കുട്ടികള്‍ക്ക് യാത്രാ സൗകര്യം ഒരുക്കിയും ഈ തീവെട്ടിക്കൊള്ളയില്‍ നിന്ന് നമ്മുടെ വിദ്യാഭ്യാസ മേഖലയെ രക്ഷിക്കാം.ഭൂരിഭാഗം സ്വകാര്യ വിദ്യാലയങ്ങളുടെയും സ്വത്തുക്കള്‍ നാട്ടുകാരുടെയും രക്ഷിതാക്കളുടെയും സംഭാവനയാണ്.ഇപ്പോള്‍ പോരാത്തതിന് എം.പി.,എം.എല്‍.എ ന്യൂനപക്ഷ ഫണ്ടുകളും തരപ്പെടുത്തിയാണ്.മാനേജര്‍മാര്‍ കച്ചവടം കൊഴുപ്പിക്കുന്നത്‌.

    നമ്മുടെ നാട്ടിലെ വിദ്യാഭ്യാസ വ്യാപന ഘട്ടത്തില്‍ നിസ്വാര്‍ത്ഥ മതികളായ വ്യക്തികളും സമിതികളും വലിയ അളവില്‍ സേവനം നല്‍കിയതിന്റെ മറവില്‍ ഇപ്പോഴത്തെ കച്ചവടക്കാരെ ആ ഗണത്തില്‍പ്പെടുത്തി പോയ കാലത്തിന്റെ ഓര്‍മചെപ്പിലെ നന്മ നല്‍കരുത്. വിദ്യാഭ്യാസ അവകാശത്തിന്റെ ഇക്കാലത്ത് എല്ലാവിധ ചൂഷണത്തില്‍ നിന്നും മുക്തമായ പൊതു വിദ്യാഭ്യാസ സംവിധാനം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ സംവിധാനതിന്നു കഴിയണം.

 

 

2,816 total views, 2 views today