കുട്ടികളിലെ പഠനവൈകല്യം എങ്ങനെ കണ്ടെത്താം? click here

കുട്ടികളിലെ പഠനവൈകല്യം എങ്ങനെ കണ്ടെത്താം? അവ പരിഹരിക്കാന്‍ എന്തെല്ലാം മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാം ?
” എത്ര ശ്രമിച്ചിട്ടും കുട്ടിക്ക് ശ്രദ്ധയോടെ പഠിക്കാന്‍ സാധിക്കുന്നില്ല. പാഠഭാഗങ്ങളെല്ലാം വളരെ പെട്ടെന്നാണ് മറന്നുപോവുന്നത്. ഗുണനവും ഹരണവും എങ്ങനെയെന്ന് പോലും അവനറിയില്ല”.
മകന്റെ ഈ അവസ്ഥയില്‍ അജീഷിന്റെ അമ്മ വളരെ ദുഃഖിതയാണ്. മൂന്നാം ക്ലാസ് വരെ പഠിക്കാന്‍ വളരെ മിടുക്കനായിരുന്ന കുട്ടിക്ക് പിന്നെന്താണ് സംഭവിച്ചത് ? അജീഷിന്റെ അമ്മ മാത്രമല്ല, പല മാതാപിതാക്കളും നേരിടുന്ന ഒരു അവസ്ഥയാണിത്.
സാധാരണയായി കുട്ടികള്‍ക്കുണ്ടാവുന്നൊരു പ്രശ്നമാണ് പഠനവൈകല്യം. ഇതിന്റെ ആരംഭത്തില്‍ മാതാപിതാക്കളില്‍ പലരും കരുതുന്നത് കുട്ടിയുടെ ബുദ്ധിക്കുറവും മടിയും കൊണ്ടാണ് ഈ അവസ്ഥ ഉണ്ടാവുന്നതെന്നാണ്.
എന്നാല്‍ പലപ്പോഴും കാരണം ഇതാവണമെന്നില്ല. കാരണമറിയാതെ കുട്ടികളെ ശാസിച്ചാല്‍ അത് ചെന്നെത്തുന്നത് വലിയ വിപത്തുകളിലേക്കാവും.
എങ്ങനെ തിരിച്ചറിയാം ?
സാധാരണകുട്ടികള്‍ക്ക് മനസ്സിലാക്കാനും പഠിക്കാനും കഴിയുന്ന പാഠഭാഗങ്ങള്‍ അസാമാന്യമായ ബുദ്ധിസാമര്‍ത്ഥ്യമുള്ള കുട്ടികള്‍ക്ക് പഠിക്കാന്‍ കഴിയാത്ത അവസ്ഥയാണ് പഠനവൈകല്യം.
ഇത് പല മാതാപിതാക്കള്‍ക്കും പ്രാരംഭത്തില്‍ തിരിച്ചറിയാന്‍ കഴിയില്ല. പഠനത്തില്‍ പിന്നോക്കമെങ്കിലും ചില കുട്ടികള്‍ പാഠ്യേതര വിഷയങ്ങളില്‍ വളരെ മികവ് പുലര്‍ത്താറുണ്ട്.
പഠനവൈകല്യമുള്ള കുട്ടികളുടെ കൈയക്ഷരത്തില്‍ നിന്നും അവരുടെ നിലവാരം മറ്റുള്ളവര്‍ക്ക് മനസ്സിലാക്കാം. എഴുതാനുപയോഗിക്കുന്ന പെന്‍സില്‍, പേന എന്നിവ വ്യത്യസ്തമായ രീതിയിലായിരിക്കും അവര്‍ ഉപയോഗിക്കുന്നത്. എഴുത്ത്് ആരംഭിക്കുമ്പോള്‍ മുതല്‍ കുട്ടികളുടെ മനസ്സില്‍ എന്തെന്നില്ലാത്ത ഒരു ഭയം ഉടലെടുക്കും.
എഴുതുമ്പോള്‍ വാക്കുകള്‍ക്കിടയില്‍ കൃത്യമായ അകലം നല്‍കാന്‍ ഇവര്‍ക്ക് സാധിക്കില്ല. മാത്രമല്ല, അദ്ധ്യാപകര്‍ പറയുന്ന കാര്യങ്ങള്‍ അതേപടി മനസ്സിലാക്കി എഴുതാനും കഴിയില്ല. വളരെ സാവധാനത്തിലായിരിക്കും ഓരോ വാക്കുകളും എഴുതുന്നത്.
എഴുതുന്ന വാക്കുകള്‍ വീണ്ടും വീണ്ടും എഴുതുക, അക്ഷരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും മാറിപ്പോവുക എന്നിവയും പഠനവൈകല്യത്തിന്റെ ഭാഗമാണ്. മൂന്ന് തരം പഠനവൈകല്യങ്ങളാണ് പ്രധാനമായും ഉള്ളത്.
1. ഡിസ്ലെക്‌സിയ
അക്ഷരങ്ങള്‍ കൂട്ടിച്ചേര്‍ത്ത് വായിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ് ഡിസ്ലെക്സിയ. ഉച്ചരിക്കേണ്ട രീതിയില്‍ വാക്കുകള്‍ ഉച്ചരിക്കാതിരിക്കുക, എഴുതിയ വാക്ക് എന്താണെന്ന് മനസ്സിലാക്കാതെ മനസ്സില്‍ തോന്നിയത് പറയുക. തുടക്കത്തില്‍ തന്നെ ഇതിന് വേണ്ട രീതിയില്‍ ശ്രദ്ധ നല്‍കിയില്ലെങ്കില്‍ ക്രമേണ പഠനവൈകല്യം കുട്ടിയുടെ എഴുത്തിനേയും സംസാരത്തേയും ബാധിക്കും.
2. ഡിസ്‌ക്കാല്‍ക്കുലിയ
സംഖ്യകളെ കുറയ്ക്കാനും ഗുണിക്കാനും ഹരിക്കാനും പറഞ്ഞാല്‍ അവ എങ്ങനെ ചെയ്യണമെന്നുള്ളത് വൈകല്യമുള്ള കുട്ടികള്‍ക്ക് മനസ്സിലാകാതാവുന്നു. ഗുണനവും ഹരണവും എന്തെന്ന് പോലും മറന്നുപോവുന്ന അവസ്ഥ.
വഴക്കുപറയാതെ, കുട്ടികളുടെ സമീപമിരുന്ന് ഓരോ സംഖ്യകളും അവയുടെ പ്രത്യേകതകളും പറഞ്ഞു കൊടുക്കുക. ചെറുപ്പത്തില്‍ കണക്ക് എന്ന വിഷയത്തെ അകറ്റി നിര്‍ത്തിയാല്‍ പിന്നീടത് പഠിച്ചെടുക്കാന്‍ വളരെ ബുദ്ധിമുട്ടാകും. അബാകസ് പരിശീലന കോഴ്‌സുകളില്‍ കുട്ടികളെ പങ്കെടുപ്പിക്കുക.
3. ഡിസ്ഗ്രാഫിയ
അക്ഷരങ്ങളും വാക്കുകളും ചേര്‍ത്ത് ഒരു വാചകമുണ്ടാക്കുന്നതെങ്ങനെയെന്ന് അറിയാത്ത അവസ്ഥയാണ് ഡിസ്ഗ്രാഫിയ. അക്ഷരങ്ങള്‍ തലതിരിച്ച് എഴുതുകയും ആവശ്യമില്ലാത്ത അകലം വാക്കുകള്‍ക്ക് നല്‍കുകയും ചെയ്യുക. അദ്ധ്യാപകരോ മാതാപിതാക്കളോ ഇത് തിരിച്ചറിഞ്ഞാലുടന്‍ പരിഹാരമാര്‍ഗ്ഗം കണ്ടെത്തുക.
അച്ഛനമ്മമാര്‍ ശ്രദ്ധിക്കാന്‍
പഠനവൈകല്യത്തില്‍ നിന്ന് കുട്ടിയെ മോചിപ്പിക്കേണ്ടത് അച്ഛനമ്മമാരുടെ ഉത്തരവാദിത്വമാണ്. കുട്ടിയുടെ മാനസ്സികാവസ്ഥ മനസ്സിലാക്കി ഉചിതമായ തീരുമാനങ്ങളെടുക്കാന്‍ മാതാപിതാക്കള്‍ക്ക് സാധിക്കണം.
1. പഠനവൈകല്യമുള്ള കുട്ടിയെ ഒപ്പമിരുത്തി പ്രശ്നങ്ങള്‍ സാവധാനം ചോദിച്ച് മനസ്സിലാക്കുക.
2. മാതാപിതാക്കള്‍ക്ക് പറഞ്ഞുകൊടുക്കാന്‍ സാധിച്ചില്ലെങ്കില്‍ വിദഗ്ദരുടെ അഭിപ്രായം തേടുക.
3. ക്ലാസില്‍ ശ്രദ്ധിക്കാന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്ന് കുട്ടിയോട് ചോദിച്ച് മനസ്സിലാക്കുക. അതില്‍ ഭീഷണിയുടേയോ വഴക്കുപറച്ചിലിന്റെയോ സ്വരം കടന്നു വരാതിരിക്കാന്‍ ശ്രദ്ധിക്കണം. അതേക്കുറിച്ച് ക്ലാസ് ടീച്ചറോട് സംസാരിച്ച് വേണ്ട ശ്രദ്ധ കൊടുക്കുക.
4. വായിക്കാന്‍ ബുദ്ധിമുട്ടുള്ള കുട്ടിക്ക് നല്ല ശ്രവണശക്തിയുണ്ടാവും. ഇതെക്കുറിച്ച് അദ്ധ്യാപികയോട് സംസാരിച്ച് വേണ്ട മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുക.
5. ചെറിയ കുട്ടിയാണെങ്കില്‍ അമ്മയോ അച്ഛനോ കുട്ടിക്ക് ചിത്രകഥകള്‍ വായിച്ച് അതിലെ ഗുണപാഠങ്ങള്‍ പറഞ്ഞുകൊടുക്കുക. മുതിര്‍ന്ന കുട്ടിയാണെങ്കില്‍ കഥാപുസ്തകങ്ങള്‍ കുട്ടിയെക്കൊണ്ട് ഉറക്കെ വായിപ്പിക്കുക.
6. വിനോദയാത്രകള്‍ക്കായി സമയം ചെലവഴിക്കുക. ഒറ്റയ്ക്കുള്ള യാത്രയില്‍ ശ്രദ്ധിക്കേണ്ടതെന്തെന്ന് പറഞ്ഞു കൊടുക്കുകയും മറ്റുള്ള അറിവ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുക.
7. കുട്ടിയുടെ പ്രവര്‍ത്തനശൈലിയും താല്പര്യങ്ങളും നിരീക്ഷിക്കുന്നതും അവയുടെ വിശദാംശങ്ങള്‍ അദ്ധ്യാപകരെ അറിയിക്കുകയും ചെയ്യുക. ഇത് കുട്ടിയുടെ പഠനത്തെ അനുകൂലമായി ബാധിക്കും.
8. കുട്ടികളുടെ പരിശ്രമത്തെ പ്രോത്സാഹിപ്പിക്കുക. ഒരിക്കലും അവരുടെ പരാജയത്തെ ചൂണ്ടിക്കാട്ടി പരിശ്രമങ്ങളെ നിരുത്സാഹപ്പെടുത്താതിരിക്കുക.
9. വീട്ടില്‍ കുട്ടിക്ക് വായിക്കാന്‍ താല്പര്യമുള്ള കുട്ടിക്കഥകളും പുസ്തകങ്ങളും സ്ഥിരമായി വാങ്ങുക. അവരുടെ വായനശീലം വളര്‍ത്തുക.
10. മറ്റുള്ളവരെക്കാള്‍ മിടുക്കനായി കുട്ടി പഠിക്കുന്നുണ്ടോ എന്നതിനു പകരം എത്രത്തോളം പരിശ്രമിക്കുന്നു എന്നതിന് പ്രാധാന്യം നല്‍കുക .

2,589 total views, 1 views today