

ഇന്റര്‍സ്റ്റെല്ലാര്‍ എന്ന സിനിമയില്‍ മനുഷ്യര്‍ക്കു വാസയോഗ്യമായ ഗ്രഹങ്ങളന്വേഷിച്ചുപോകുന്നവരെ കാണിക്കുന്നുണ്ട്. പ്രകാശവര്‍ഷങ്ങള്‍ക്കപ്പുറമാണ് അവര്‍ ഗ്രഹങ്ങളെത്തിരയുന്നത്. ഏതെങ്കിലും ഒരു ഗ്രഹം പോര, മറിച്ച് മനുഷ്യര്‍ക്ക് ജീവിക്കാന്‍ കഴിയുന്ന ഒരു ഗ്രഹം തന്നെ വേണം അവര്‍ക്ക്. എന്നാല്‍ അതത്ര എളുപ്പമല്ലതാനും. കാരണം ഒത്തിരിക്കാര്യങ്ങള്‍ ഒത്തിണങ്ങണം അത്തരമൊരു ഗ്രഹം ഉണ്ടാവണമെങ്കില്‍.
അതില്‍ ഏറ്റവും പ്രധാനം ഗ്രഹം, കേന്ദ്രനക്ഷത്രത്തില്നിന്നും ഒരു പ്രത്യേക അകലത്തില്‍ ആയിരിക്കണം എന്നുള്ളതാണ്. വാസയോഗ്യമായ അകലം എന്നാണ് ഇത് അറിയപ്പെടുന്നത്. ഭൂമി സൂര്യനോടടുത്തായിരുന്നെങ്കില് അമിതമായ ചൂട് മൂലം ജലം ദ്രാവകരൂപത്തില്‍ ഇന്നത്തെപ്പോലെ നിലനില്ക്കില്ലായിരുന്നു. സൂര്യനില്‍നിന്നും വളരെ അകലെയായിരുന്നെങ്കില്‍ തണുത്തുറഞ്ഞ് ജലം ഐസായി മാത്രമേ കാണൂ. ഇതു രണ്ടും അല്ലാത്തതാണ് ഭൂമിയെ വാസയോഗ്യമായ ഗ്രഹമാക്കി മാറ്റുന്നത്. ഒരുപക്ഷേ അമിതമായ ചൂടിലോ അമിതമായ തണുപ്പിലോ ജീവിക്കാന്‍ കഴിയുന്ന മറ്റൊരു ജീവസമൂഹം ഉണ്ടായേക്കാം. പക്ഷേ നാമിപ്പോള്‍ തിരയുന്നത് മനുഷ്യര്‍ക്കും മറ്റു ജീവജാലങ്ങള്‍ക്കും കഴിയാന്‍ കഴിയുന്ന ഒരു ഗ്രഹത്തെയാണ്.
ദാ, അത്തരം ഒരു പ്രതീക്ഷ മനുഷ്യസമൂഹത്തിനു നല്‍കിക്കൊണ്ട് നാസയുടെ കെപ്ലര്‍ മിഷന് ഒരു ഗ്രഹത്തെ ചൂണ്ടിക്കാണിച്ചിരിക്കുന്നു. Kepler-452b എന്ന പേരാണ് ഗ്രഹത്തിനു നല്‍കിയിരിക്കുന്നത്. Kepler-452 എന്ന പേരുള്ള നക്ഷത്രത്തെ ചുറ്റിക്കറങ്ങുന്ന ഗ്രഹം എന്നാണിതിന് അര്‍ത്ഥം. സൗരയൂഥസമാനമായ നക്ഷത്രവ്യൂഹങ്ങള്‍ കണ്ടെത്താനുള്ള ദൗത്യമാണ് കെപ്ലര്‍ ദൗത്യം. ആയിരത്തിലധികം ഗ്രഹങ്ങളെ ഇതിനകം കെപ്ലര്‍ കണ്ടെത്തിക്കഴിഞ്ഞു. 4600ലധികം കണ്ടെത്തലുകള്‍ സ്ഥിരീകരിക്കാനും കിടക്കുന്നു. സ്ഥിരീകരിച്ച ഗ്രഹങ്ങളില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ഒരു കണ്ടെത്തലാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
വാസയോഗ്യമായ അകലത്തില്‍ ഭൂമിയ്ക്കു സമാനമായ ഒരു ഗ്രഹം. ഭൂമിയേക്കാള്‍ 60% ത്തോളം വലിപ്പക്കൂടുതല്‍ ഈ ഗ്രഹത്തിനുണ്ട്. ഒരുപക്ഷേ ഗുരുത്വാകര്‍ഷണം ഭൂമിയേക്കാള്‍ കുറെക്കൂടി കൂടുതലായേക്കാം അവിടെ. ഗ്രഹത്തിന്റെ മാസും സാന്ദ്രതയും ഒക്കെ അറിഞ്ഞാലേ ഇക്കാര്യത്തില്‍ ഒരു തീരുമാനത്തിലെത്താന്‍ പറ്റൂ. അങ്ങനെയായാല്‍, ഒരിക്കല്‍ നാം അവിടെ എത്തിച്ചേരുകയാണെങ്കില്‍ അല്പം തല കുനിച്ചേ നമുക്കു നടക്കാനാകൂ. മനുഷ്യസമൂഹം ഒരിക്കല്‍ അവിടെ കുടിയേറിപ്പാര്‍ത്ത് ലക്ഷക്കണക്കിനു വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ ഉയരം കുറഞ്ഞ മനുഷ്യരായി ഒരു പക്ഷേ മാറിപ്പോകാനും ഇടയുണ്ട്!!!
സോഫ്റ്റ്വെയറുകള്‍ക്കും മറ്റും വേര്‍ഷന്‍ നല്കുന്നപോലെ Earth 2.0 എന്നു വേണമെങ്കിലും നമുക്കീ ഗ്രഹത്തെ വിളിക്കാം. ഭൂമി 365 വര്‍ഷം കൊണ്ട് സൂര്യനെ ചുറ്റിക്കറങ്ങുമ്പോള്‍ ഭൂമി 2.0ന് 385ദിവസങ്ങള്‍ വേണം മാതൃനക്ഷത്രത്തെ ഒരു തവണ ചുറ്റിക്കറങ്ങാന്‍.
Kepler-452 എന്ന മാതൃനക്ഷത്രവും സൂര്യനു സമാനമാണ്. സൂര്യനേക്കാള്‍ അല്പംകൂടി പ്രായമുണ്ട് ഈ നക്ഷത്രത്തിന്. 600കോടി വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു ഈ നക്ഷത്രം ജനിച്ചിട്ട്. എങ്കിലും സൂര്യന്റെ അതേ താപനിലയിലാണ് നക്ഷത്രം. സൂര്യനേക്കാള്‍ 20% തെളിച്ചവും 10% വലിപ്പവും കൂടുതലാണ് Kepler-452ന്.
ഇനി ഈ ഗ്രഹത്തിലേക്ക് എത്തിച്ചേരാനുള്ള സാധ്യതകള്‍! സിഗ്നസ് എന്ന നക്ഷത്രരാശിയിയെ ഭൂമിയില്‍ നിന്നും നോക്കിയാല്‍ കാണാം. ഈ ഭാഗത്ത് ഏകദേശം 1400പ്രകാശവര്‍ഷങ്ങള്‍ അകലെയാണ് ഈ ഗ്രഹവും നക്ഷത്രവും! പ്രകാശവേഗത്തില്‍ സഞ്ചരിച്ചാല്‍പ്പോലും 1400വര്‍ഷം വേണ്ടിവരും അവിടെയെത്താന്‍. ഇന്റര്‍സ്റ്റെല്ലാറില്‍ കാണുന്നപോലെ വല്ല വേംഹോളും കണ്ടെത്തേണ്ടിവരും അവിടെയെത്താന്‍ എന്നു സാരം!
ഇപ്പോള്‍ കണ്ടെത്തിയപോലത്തെ (Kepler-452b) 12 ഗ്രഹങ്ങള്‍ ഇനിയും സ്ഥിരീകരണത്തിനായി കാത്തിരിക്കുന്നുണ്ട്. ഇതില്‍ ഒന്‍പ് ഗ്രഹങ്ങളും ചുറ്റുന്നത് സൂര്യനു സമാനമായ നക്ഷത്രങ്ങളെയുമാണ്. ഭൂമിയെപ്പോലുള്ള ഗ്രഹങ്ങള്‍ പ്രപഞ്ചത്തില്‍ ഒട്ടും വിരളമല്ല എന്നു തന്നെയാണ് ഈ കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നത്.
ഗ്രഹങ്ങളെ വേട്ടയാടാനുള്ള കെപ്ലര്‍ ദൗത്യത്തില്‍ നമുക്കും പങ്കാളികളാകാം. കെപ്ലര്‍ നല്കുന്ന ഡാറ്റ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. ഇതുപയോഗിച്ച് ഗ്രഹങ്ങളെ കണ്ടെത്താനുള്ള ഒരു സോഷ്യല്പ്രൊജക്റ്റ് തന്നെ നിലവിലുണ്ട്. http://www.planethunters.org/ എന്ന സൈറ്റില്ച്ചെന്നാല് വീട്ടിലിരുന്ന്, ഏതാനും മൗസ് ക്ലിക്കുകളുടെ സഹായത്തോടെ ഗ്രഹവേട്ട ആരംഭിക്കാം!
1,476 total views, 1 views today