ആസൂത്രണത്തിലെ പിഴവും ഫണ്ടിന്റെ അപര്യാപ്തതയും മൂലം കേരളത്തിലെ പൊതു വിദ്യാലയങ്ങളില്‍ നടപ്പാക്കി വരുന്ന ഉച്ച ഭക്ഷണ പരിപാടി താളം തെറ്റുന്നു. മൂന്ന് വര്‍ഷം മുമ്പ് നടത്തിപ്പിലും ക്രമീകരണത്തിലും വ്യാപകമായ മാറ്റംവരുത്തിയാണ് ഇന്നത്തെ നിലയില്‍ ആക്കിയത്. കഞ്ഞിയും പയറും എന്ന വര്‍ഷങ്ങളായി തുടര്‍ന്നിരുന്ന രീതി മാറ്റി വൈവിധ്യമാര്‍ന്ന കറികളും ഭക്ഷണ രീതിയും ഏര്‍പ്പെടുത്താന്‍ സ്കൂള്‍ അധികൃതര്‍ക്ക് സ്വാതന്ത്ര്യം നല്കുന്ന രീതിയാണ് ആവിഷ്കരിച്ചത്. സിവില്‍സപ്ലൈസ് വഴി അരി മാത്രം വിതരണം ചെയ്ത് മറ്റ് കാര്യങ്ങള്‍ക്കെല്ലാം തുക നല്കുന്ന രീതിയായി. കുട്ടിയൊന്നിനു ഒരു ദിവസത്തേക്ക് അഞ്ച് രൂപയാണ് ആദ്യം അനുവദിച്ചത്. വ്യാപകമായ എതിര്‍പ്പിനെ തുടര്‍ന്ന് നൂറ്റി അന്‍പതില്‍ താഴെ കുട്ടികള്‍ മാത്രമുള്ള സ്കൂളുകള്‍ക്ക് പാചക കൂലിയും കുട്ടി ഒന്നിന് അഞ്ച് രൂപയും മറ്റ് വിദ്യാലയങ്ങള്‍ക്ക് പാചക കൂലി ഉള്‍പ്പെടെ ആറു രൂപ വീതവും നല്കാന് തീരുമാനമായി. അക്കാലത്തെ വില നിലവാരം അനുസരിച്ച് തുക ഒരു വിധം തികയുമായിരിന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഉച്ച ഭക്ഷണവുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും വന്‍ തോതില്‍ വര്‍ധിച്ചിട്ടും തുക മാറ്റമില്ലാതെ തുടരുന്നതാണ് സ്കൂള്‍ അധികൃതര്‍ക്ക് വിനയായത്.ഇക്കാലയളവില്‍ സര്‍ക്കാര്‍ തന്നെ കടത്ത് കൂലി,പാചക വാതകം ,പാല്,പാചക കൂലി എന്നിവയില്‍ വര്‍ധന വരുത്തി.പച്ചക്കറി പലവ്യഞ്ജനം എന്നിവക്കെല്ലാം പല മടങ്ങ് വില കൂടി.എന്നിട്ടും സ്കൂളുകള്‍ക്കുള്ള കണ്ടിജന്‍സി തുക വര്‍ധിപ്പിച്ചില്ല.ഇപ്പോള്‍ വീണ്ടും പാചക കൂലി ഇരുന്നൂറു രൂപയില്‍ നിന്ന് മുന്നൂറ്റി അമ്പതു രൂപയായി വര്‍ധിപ്പിച്ചു.അഞ്ഞൂറിലധികം കുട്ടികള്‍ ഉള്ള സ്കൂളുകള്‍ രണ്ട് പാചക ക്കാര്‍ക്ക് നാനൂറ്റി അമ്പതു രൂപ വീതം നല്‍കണം. എല്ലായിനം ചെലവുകളും വര്‍ധിച്ചിട്ടും ഫണ്ട് വിഹിതം വര്‍ധിപ്പിക്കാത്തത് സ്കൂളുകള്‍ക്ക് വന്‍ ബാധ്യത ഉണ്ടാക്കും. ആവശ്യമായ ഫണ്ട് പ്രാദേശികമായി സമാഹരിക്കാന്‍ സാധിക്കാത്ത സ്കൂളുകള്‍ ഭക്ഷണ മെനു പരിമിത പെടുത്തിയാണ് മുന്നോട്ട് പോകുന്നത്. കുട്ടികള്‍ക്ക് ലഭിക്കേണ്ട പാല് മുട്ട എന്നിവയിലാണ് ആദ്യം വെട്ടിച്ചുരുക്കല്‍ വരുത്തിയത് .ഇനിയങ്ങോട്ട് കറികള്‍ പോലും നല്കാന് കഴിയാത്ത സ്ഥിതി മിക്ക സ്കൂളുകള്‍ക്കും വന്നു ചേരും. ഏതു കാര്യവും വിവാദവും മാധ്യമ ശ്രദ്ധയും ആകര്‍ഷിക്കുന്ന നമ്മുടെ സംസ്ഥാനത്ത് പൊതു വിദ്യാലയങ്ങളിലെ എട്ടാം ക്ലാസ്സ് വരെയുള്ള കൊച്ചു കുട്ടികളുടെ പോഷകാഹാരത്തിന്റെ കാര്യത്തില്‍ യാതൊരുവിധ അനക്കവും ഒരു ഭാഗത്ത് നിന്നും കാണുന്നില്ല.പരിപാടി നടത്തിപ്പിന്റെ പരിശോധനക്ക് കൂടുതല്‍ ഓഫീസര്‍ മാരെ നിയമിക്കുന്ന കാര്യത്തില്‍ കാട്ടിയ ശുഷ്കാന്തി പോലും കുട്ടികളുടെ ആഹാരകാര്യത്തില്‍ കാണുന്നില്ല.
ഉച്ച ഭക്ഷണ പരിപാടിയുടെ പ്രായോഗിക സാധ്യതകളും പ്രശ്നങ്ങളും നേരിട്ട് അറിയുന്നവര്‍ ഇക്കാര്യത്തില്‍ തീരുമാനം എടുക്കുന്ന ഒരു തലത്തിലും ഇല്ലാത്തത് പ്രശ്ന പരിഹാരം കാണുന്നതിന് തടസ്സം ഉണ്ടാക്കുന്നു.സ്കൂള്‍ ഉച്ച ഭക്ഷണ കമ്മറ്റി പോലെ ഉപജില്ല ജില്ലാ സംസ്ഥാന തലത്തില്‍ അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും പ്രാതിനിധ്യമുള്ള സമിതികള്‍ കലാ കാലങ്ങളില്‍ നടത്തിപ്പും പ്രായോഗിക പ്രശ്നങ്ങളും വിലയിരുത്തുന്ന സംവിധാനം ഏര്‍പ്പെടുത്തുകയും പരിഹാര നിര്‍ദേശങ്ങള്‍ സര്‍ക്കാരിലേക്ക് സമര്‍പ്പിക്കുകയും വേണം.
പാചക കൂലി, കടത്ത് കയറ്റിറക്ക് വിറക് തുടങ്ങിയ സ്ഥിര സ്വഭാവമുള്ള ചെലവുകള്‍ക്ക് കുട്ടികളുടെ എണ്ണത്തിനു ആനുപാതികമായി പ്രത്യേകമായി തുക നല്‍കുകയും പാല് മുട്ട എന്നിവയ്ക്ക് കാലാകാലങ്ങളിലെ മാര്‍ക്കറ്റു വില നല്‍കുകയും പച്ചക്കറി പലവ്യഞ്ജനം എന്നിവയ്ക്ക് നിശ്ചിത തുക അനുവദിക്കുകയും ചെയ്താല്‍ മാത്രമേ ഫലപ്രദമായി പദ്ധതി നടപ്പിലാക്കാന്‍ പറ്റുകയുള്ളു.ഇങ്ങനെ നിശ്ചയിക്കുന്ന നിരക്ക് വര്‍ഷത്തില്‍ ഒരിക്കലെങ്കിലും വിലയിരുത്തി ആവശ്യമായ മാറ്റം വരുത്തണം.പോഷക സമൃദ്ധമായ കഞ്ഞിയും പയറും ഒഴിവാക്കി വൈവിധ്യം ഏര്‍പ്പെടുത്തിയത് ഉള്ളതും അവതാളത്തിലാക്കിയത് പോലെ ആയി.
1,352 total views, 4 views today