ഇന്‍സ്പെക്ഷന്‍

നാടുവിട്ട് കര്‍ണ്ണാലിലെ നവോദയാ വിദ്യാലയത്തിലെത്തി ഇത് അഞ്ചാം അധ്യയനവര്‍ഷം.  ‘റോമില്‍ ചെന്നാല്‍ റോമാക്കാരനാകണം’ എന്ന പൂര്‍ണ്ണബോധ്യത്തോടെ തനി ‘ഹരിയാന്‍വി’യായി മാറാന്‍ മനസ്സുകൊണ്ടും വാക്കുകൊണ്ടും നീണ്ടുകിടക്കുന്ന കഴിഞ്ഞ നാലുവര്‍ഷങ്ങളില്‍ ശ്രമിച്ചിരുന്നു എന്നാണെന്‍റെ ‘മേനി’.  മനസാ വാചാ കര്‍മ്മണാ മലയാളിത്തം വിട്ടുമാറാത്ത അവസ്ഥയിലും അവിടത്തെ ആളുകളെപ്പോലെ ജീവിക്കാന്‍ തയ്യാറാവുന്ന ഒരു മറുനാടന്‍ മലയാളിയുടെ  തന്മയത്വത്തോടെ, ഈ  ഞാനും!

കഴിഞ്ഞ നാല് വര്‍ഷവും ‘ആന്വല്‍ പാനല്‍ ഇന്‍സ്പെക്ഷന്’ ഞാനും കൂടെയുള്ള അധ്യാപരോടോത്ത് ക്ലാസെടുത്തു കാണിക്കാന്‍ വ്യഗ്രത പൂണ്ടിരുന്നു. അതില്‍ ഒരു വര്‍ഷം മാത്രം നാട്ടിലെപ്പോലെ കുട്ടികളെ പഠിപ്പിക്കാന്‍ സാധിച്ചു.  ആ വര്‍ഷം ഹരിയാണയിലെ ഭിവാനി ജില്ലയിലെ പ്രിന്‍സിപ്പാള്‍ മലയാളിയായ പുഷ്ക്കരന്‍ സാറാണ് വന്നിരുന്നത്.  ‘മൈഗ്രേഷ’ നു തിരുവനന്തപുരത്തു നിന്നും വന്ന കുട്ടികളെ അദ്ദേഹത്തിനു മുന്‍പില്‍ പഠിപ്പിക്കുമ്പോള്‍ ഏറെ സംതൃപ്തിയുണ്ടായിരുന്നു.  മറ്റു മൂന്നു വര്‍ഷങ്ങളില്‍ അതിനായി ഞാന്‍ കാത്തു സൂക്ഷിച്ചു വെച്ചിരുന്നത് കവി ഓ എന്‍ വി കുറുപ്പിന്‍റെ ‘കുഞ്ഞേടത്തി’ എന്ന കവിതയിലെ ഏതാനും വരികളായിരുന്നു.  നീട്ടിപ്പാടാനും വിവരിക്കാനും സാധ്യതകള്‍ ഏറെയുള്ള ആ കവിത ഇവിടത്തുകാരായ പ്രിന്‍സിപ്പാള്‍മാരുടെ മുന്‍പില്‍ വേണ്ടപോലെ അവതരിപ്പിക്കുമ്പോഴും ഏറെ ചാരിതാര്‍ത്ഥ്യമുണ്ടാകുമായിരുന്നു.  മനുഷ്യ വികാരങ്ങള്‍ ഭാഷകള്‍ക്ക് അതീതമാണെന്നു തെളിയിക്കാന്‍ ഇതിലപ്പുറം നല്ലൊരവസരം മറ്റൊന്നില്ല എന്നെനിക്ക് തോന്നി.

ഇക്കൊല്ലം സ്കൂള്‍ തുറന്നയുടനെ ജൂലൈ മാസത്തില്‍ ഇന്‍സ്പെക്ഷന്‍ തീരുമാനിക്കപ്പെട്ടിരുന്നു.  കേരളത്തിലെപ്പോലെ മുന്‍കൂട്ടി ആസൂത്രണം ചെയ്തു ഒരു മഹാമേളയായി ആ ദിവസം ഇവിടങ്ങളില്‍ ആഘോഷിക്കാറില്ല.  തലേന്ന് രാവിലെ വിവരം പറയും, അതനുസരിച്ച്  എന്നെപ്പോലെയുള്ളവര്‍ ടീച്ചിംഗ് ഡയറിയും മറ്റു രേഖകളുമെല്ലാം തട്ടിക്കൂട്ടി പൂര്‍ത്തിയാക്കി വേണ്ടിടത്തെല്ലാം പ്രിന്‍സിപ്പാളിന്‍റെ പച്ചമഷി ചാര്‍ത്തിക്കും.  കുട്ടികളുടെ പുസ്തകങ്ങളില്‍ എല്ലാം അധ്യാപകരുടെ ചുവന്ന ‘ടിക്കുകള്‍’ കയറിക്കൂടും.  ജയ്പ്പൂര്‍ റീജ്യണല്‍ ഓഫീസില്‍ നിന്നും ഒരു അസിസ്റ്റന്റ് കമ്മീഷണറും കൂടെ പ്രിന്‍സിപ്പാള്‍മാരും ക്യാമ്പസ്സില്‍ നേരത്തെ സന്നിഹിതരാകും.

വര്‍ഷങ്ങള്‍ക്കു മുന്‍പ് സ്കൂള്‍ പഠനകാലത്ത്‌ ഇതേപോലെ സാധാരണ സര്‍ക്കാര്‍ വിദ്യാലയത്തില്‍ വന്നിരുന്ന ‘ഇന്സ്പെകടര്‍’മാരെ പേടിയോടെ വീക്ഷിച്ചിരുന്ന എന്‍റെ അധ്യാപകരെ ഞാന്‍ ഓര്‍ക്കുന്ന ദിവസമാണ്, അത്.  ഒരിയ്ക്കല്‍ ക്ലാസിലെത്തിയ ഇന്‍സ്പെക്ടറുടെ തലയ്ക്കു മുകളിലെ ചുമരില്‍ ഭൂഗോളത്തിന്‍റെ വലിയ ‘മാപ്പ്’ വിറയ്ക്കുന്ന കൈകളോടെ തൂക്കാന്‍ ശ്രമിച്ച ഞങ്ങളുടെ മാഷെ ഞാന്‍ എങ്ങനെ മറക്കാനാണ്?  പരിഭ്രമത്തോടെ അതു തൂക്കാനുള്ള ഉദ്യമം പരാജയപ്പെട്ട് ഇന്‍സ്പെക്ടറദ്ദേഹത്തിന്‍റെ മൂര്‍ദ്ധാവില്‍ വീണതും ഒരട്ടഹാസത്തോടെ അദ്ദേഹം എഴുന്നേറ്റു ചീത്ത വിളിച്ചതും ഈയ ടുത്ത ദിവസം കഴിഞ്ഞപോലെ മനസ്സിലുണ്ട്.

ഇത്തവണ വന്നവരില്‍ അസിസ്റ്റന്റ് കമ്മീഷണര്‍ക്കൊപ്പം നാലു പ്രിന്‍സിപ്പാള്‍മാരുണ്ടായിരുന്നു.  രണ്ടുപേര്‍ അടുത്തുള്ള നവോദയാ വിദ്യാലയങ്ങളില്‍ നിന്നും മറ്റു രണ്ടു പേര്‍ നഗരത്തിലെ ഇംഗ്ലീഷ്‌ മീഡിയം സ്കൂളുകളില്‍ നിന്നും വന്നിരുന്നു.  അവരെ ഉപചാരപൂര്‍വ്വം സ്വീകരിക്കാന്‍ പ്രിന്‍സിപ്പാളും വൈസ്‌ പ്രിന്‍സിപ്പാളും അധ്യാപകവൃന്ദവും സദാ സന്നദ്ധമായി മുന്നിലും പിന്നിലും ഇടതും വലതും ഉണ്ടായിരുന്നു.  അതിരാവിലെ കുട്ടികളുടെ വ്യായാമമുറകളും എട്ടുമണിക്കുള്ള അസംബ്ലിയും അവര്‍ കാണാനെത്തിയിരുന്നു.  ഈയവസരങ്ങളില്‍ എല്ലാം തന്നെ സാഹചര്യം നോക്കി കുട്ടികള്‍ നന്നായി കാര്യങ്ങള്‍ പ്രകടമാക്കിയിരുന്നു താനും.

എന്‍റെ എട്ടാം ക്ലാസിലെ മലയാളം ക്ലാസ്സ്‌ കാണാന്‍ നിയോഗിക്കപ്പെട്ടത് നഗരത്തിലെ ഇംഗ്ലീഷ്‌ മീഡിയം സ്കൂളിലെ പ്രിന്‍സിപ്പാള്‍ ശ്രീ രാജീവ്‌ ഭൂട്ടാനിയെ ആയിരുന്നു. ഒറീസയില്‍ നിന്നും ഹരിയാണയിലേയ്ക്ക് കുടിയേറിപ്പാര്‍ത്ത ഭൂട്ടാനി സാര്‍ വാക്കിലും നോക്കിലും ‘ടിക്ക്‌-ടാക്ക്‌’ ആയി തോന്നി.  ഗണിതാധ്യാപകന്നയിരുന്ന അദ്ദേഹത്തിനു മൂന്നു കണക്ക് ക്ലാസുകളും ഒരു മലയാളം ക്ലാസുമാണ് ഇന്സ്പെക്റ്റ്‌ ചെയ്യാനുണ്ടായിരുന്നത്.  നാട്ടിലെ നാലാം ക്ലാസ്സ്‌ മലയാളപാഠാവലിയിലെ കെ കെ രാജാ എഴുതിയ ‘മഴ കണ്ട കുട്ടി’ എന്ന കവിതയിലെ ഏതാനും വരികളാണ് ഇത്തവണ ഞാന്‍ പഠിപ്പിക്കാന്‍ എടുത്തത്.  അത്യുഷ്ണത്തിനിടയില്‍ ആശ്വാസമായി നന്നായി പെയ്യുന്ന മഴ.  എട്ടാം ക്ലാസിലെ ഹരിയാണക്കുട്ടികളും ഞാനും ഭൂട്ടാനി സാറിനെ കാത്ത്‌  മഴ ആസ്വദിച്ചുകൊണ്ടിരുന്നു.

അദ്ദേഹം ക്ലാസില്‍ വരുന്നതിനു മുന്‍പ് തന്നെ ഞാന്‍ കുട്ടികളോട് പലതും ചട്ടം കെട്ടിയിരുന്നു.  സാധാരണ ഉള്ളതിനേക്കാള്‍ കൂടുതല്‍ ശുദ്ധമായും വ്യക്തമായും ശക്തമായും ഒരല്‍പം നാടകീയതയോടെ പഠിപ്പിക്കാന്‍ പൊതുവേ ഞാനടക്കമുള്ള അധ്യാപകര്‍ ശ്രമിക്കാറുണ്ട്.  ആറടിയിലധികം ഉയരമുള്ള ഭൂട്ടാനി സാറിന്‍റെ മൈലാഞ്ചി മൊഞ്ചുള്ള മുടിയും ചാരനിറമുള്ള കട്ടിമീശയും വാതില്‍ക്കല്‍ പ്രത്യക്ഷപ്പെടുന്നതിന് മുന്‍പ് ഞാനെന്‍റെ കവിതാക്ലാസ്സ് തുടങ്ങിയിരുന്നു.

ആജാനബാഹുവായ അദ്ദേഹത്തെ സ്വാഗതം ചെയ്ത് ക്ലാസിലെ പിന്‍വരിയില്‍ അലങ്കരിച്ചു വെച്ച കസേരയില്‍ ഞാനിരുത്തി.  ഗൌരവം വിടാത്ത ഭാവത്തില്‍ അദ്ദേഹമാകട്ടെ എന്നെയും കുട്ടികളെയും മസ്തകം പൊക്കി മാറിമാറി നോക്കിക്കൊണ്ടേയിരുന്നു.

പൊതുവായി കവിത എന്തെന്നും ഭാവരൂപ സമന്വയത്തോടെയുള്ള അതിന്‍റെ അവതരണമെങ്ങനെ ആയിരിക്കണമെന്നും ആമുഖമായി ഞാന്‍ പറഞ്ഞു.  ഇടയ്ക്ക് ആംഗലേയകവി വില്യം വേഡ്സ്‌വര്‍ത്തിന്‍റെ കവിതാനിര്‍വ്വചനം കൂടിയായപ്പോള്‍ അദ്ദേഹം ഡയറിയില്‍ എന്തോ കുത്തിക്കുറിക്കുന്നതായി കണ്ടു.  കഴിഞ്ഞ രണ്ടുവര്‍ഷങ്ങളില്‍ കുട്ടികള്‍ പഠിച്ച കുട്ടിക്കവിതകള്‍ സാന്ദര്‍ഭികമായി ഓര്‍മ്മപ്പെടുത്തിയും ചൊല്ലിച്ചും ക്ലാസ്സ്‌ ഉത്സാഹത്തിലായി.    ‘ ടീച്ചിംഗ് എയിഡ്‌’ ആയി കയ്യില്‍ കാര്യമായി ഒന്നുമില്ലാത്ത അവസ്ഥയില്‍ ഞാന്‍ കുട്ടികളോട് പറഞ്ഞു, “ഈ കവിത പഠിപ്പിക്കാന്‍ പ്രകൃതി തന്നെ നമുക്ക് അനുകൂലമായിരിക്കുന്നു.  പുറത്ത് പെയ്യുന്ന മഴ നോക്കൂ… ഇതിലപ്പുറം ഈ കവിതയ്ക്ക് പറ്റിയ പഠനോപകരണം എന്താണുള്ളത്? ”  വീണ്ടും ഭൂട്ടാനി സാറിന്‍റെ തൂലിക ഡയറിയില്‍ ചലിക്കുന്നത് ഞാന്‍ ഒരു നിര്‍വൃതിയോടെ കണ്ടു.

രാജീവ്‌ ഭൂട്ടാനി നിര്‍ന്നിമേഷനായി എന്നെയും കുട്ടികളെയും അത്ഭുതത്തോടെ നോക്കിയിരിപ്പായിരുന്നു.  ജീവിതത്തിലാദ്യമായി മലയാളം എന്നൊരു ഭാഷ യെന്തെന്നു കണ്ടും കേട്ടും ആസ്വദിച്ചും അദ്ദേഹമിരിക്കുമ്പോള്‍ എനിക്കൊരു കാര്യം ബോധ്യപ്പെടുകയായിരുന്നു.  പ്രകൃതിയുടെ സംഗീതവും കവിതയുടെ മാധുര്യവും ലോകത്തെവിടെയും ഉള്ളവര്‍ ഒരേപോലെ അനുഭവിച്ചറിയുന്നു. ഗണിതാദ്ധ്യാപകനായ ഭൂട്ടാനി സാറിന്‍റെ ഭാവഹാവാദികളില്‍ വന്ന ഊര്‍ജ്ജം ഞാനും കുട്ടികളും ഒരേപോലെ തിരിച്ചറിഞ്ഞു.  ആംഗലേയവും ഹിന്ദുസ്ഥാനിയും കൂട്ടിക്കുഴച്ച് മലയാളത്തിന്‍റെ മാധുര്യമിത്തിരി പകരാന്‍ ശ്രമിച്ചപ്പോള്‍ അത് അദ്ദേഹത്തിലേയ്ക്കെത്തി എന്നതിന്‍റെ സാക്ഷ്യപത്രം ആ മുഖത്ത്‌ നിറഞ്ഞ പുഞ്ചിരിയും തൊഴുകൈകളും തന്നെയായിരുന്നു.

തുടര്‍ന്ന് ഉച്ചയ്ക്ക് തന്നെ നിരീക്ഷണങ്ങളുടെ അവലോകനമായിരുന്നു.  യോഗത്തില്‍ ഓരോരോ വ്യക്തികളായി സ്വാനുഭവം വിവരിക്കാന്‍ തുടങ്ങി. മൂന്നാമതായി എഴുന്നേറ്റ ഭൂട്ടാനി സാര്‍ ഗുണദോഷസമ്മിശ്രമായി കണക്ക് ക്ലാസുകളെ ആദ്യം വിലയിരുത്തി.  ഒടുവില്‍, മലയാളം എന്ന വാക്ക്‌ വികൃതമായി ഉച്ചരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു, ” ഞാനൊരു ഗണിതാദ്ധ്യാപകനാണെങ്കിലും ജീവിതത്തിലാദ്യമായി ഒരു ദക്ഷിണേന്ത്യന്‍ ഭാഷ കേള്‍ക്കാനും ആസ്വദിക്കാനും ഇന്ന് അപൂര്‍വ്വഭാഗ്യമുണ്ടായി.  നാല്‍പ്പതു മിനിട്ട് നേരം ഒരു നിമിഷം പോലെ കടന്നു പോയ ആ ക്ലാസ്സില്‍ കുട്ടികള്‍ പഠിക്കുകയായിരുന്നില്ല, അദ്ധ്യാപകന്‍ പഠിപ്പിക്കുകയും ആയിരുന്നില്ല. അവര്‍ സുന്ദരമായ കവിത ആസ്വദിക്കുകയായിരുന്നു.  പ്രകൃതിയെ അറിയുകയായിരുന്നു.  അവരിലൊരാള്‍ ആയി മാറിയ ഈ ക്ലാസ്സ്‌ ഞാനും ഒരിക്കലും മറക്കില്ല”.

ഇതുകേട്ട് സഹാദ്ധ്യാപകരും പ്രിന്‍സിപ്പാളും ഉത്സാഹത്തോടെ എന്നെ നോക്കി കൈയ്യടിച്ചപ്പോള്‍ ഒരു നിമിഷം ഞാന്‍ എഴുന്നേറ്റു തൊഴുതു പോയി.  ഭാഷകള്‍ ക്കതീതമായ വികാരങ്ങള്‍ കൈമാറ്റം ചെയ്യാനാവുമെന്ന സത്യം കൂടുതല്‍ ഉറപ്പിച്ചു കൊണ്ട് വീണ്ടും..ഒരു ഇന്‍സ്പെക്ഷന്‍ കൂടി കടന്നു പോയി.

അനില്‍ നമ്പൂതിരിപ്പാട്

1,502 total views, 2 views today